
നിങ്ങൾ ഒരു വ്ലോഗറാണോ? എങ്കിൽ അധികച്ചെലവില്ലാതെ വീട്ടിൽ ഒരുക്കാം അതിനായി ഒരു ഇടം
വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്നു പറഞ്ഞതു പോലെ സ്‌മാർട് ഫോൺ എടുത്തവരെല്ലാം വ്ലോഗർമാർ എന്ന അവസ്‌ഥയാണ് ഇപ്പോൾ. ഒരു വീട്ടിൽ തന്നെ രണ്ടും മൂന്നും വ്ലോഗർമാരും ഇൻഫ്ലുവൻസർമാരും വാഴുന്ന കാലം. അതിനാൽ തന്നെ ഈ രംഗത്ത് കനത്ത മത്സരവുമുണ്ട്. മികച്ച ഗുണനിലവാരത്തിൽ മികച്ച ആശയങ്ങൾ ആദ്യം ആര് എത്തിക്കുന്നുവോ അവർക്കാണ് വിജയം.
വീട്ടിൽ തന്നെ ഒരു വ്ലോഗിങ് സ്പേസ് ഒരുക്കിയാലോ? വലി യ ചെലവില്ലാതെ ഇതു ചെയ്തെടുക്കാവുന്നതേയുള്ളൂ.
പശ്ചാത്തലം
നിങ്ങൾ ക്യാമറയെ അഭിമുഖീകരിക്കുമ്പോൾ ആളുകൾ കാണുന്ന നിങ്ങളുടെ പിന്നിലെ പശ്ചാത്തലം വളരെ പ്രധാനമാണ്. അതു നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ടതാണെങ്കിൽ നല്ലത്. പക്ഷേ, അമിത ബഹളമാകരുത്. പശ്ചാത്തലം നിങ്ങളുടെ ചർമത്തിൻ്റെ ടോണുമായി ഇണങ്ങുന്നതാകണം. പല നിറങ്ങൾ വച്ച് പരീക്ഷിച്ച് ഇണങ്ങിയ നിറം കണ്ടെത്താം. നിങ്ങളുടെ സ്റ്റൈലുമായോ വിഷയവുമായോ ഒത്തുപോകുന്ന ബഹളമില്ലാത്ത പശ്ചാത്തലം തിരഞ്ഞെടുക്കാം. പശ്ചാത്തലത്തിന് പ്രാമുഖ്യം വേണം. പക്ഷേ, നിങ്ങളുടെ സംഭാഷണത്തിൽ നിന്ന് വ്യതിചലിപ്പിക്കുന്നതാകരുത്. ഒഴിഞ്ഞ ഭിത്തിയോ ബുക് ഷെൽഫോ നല്ലതാണ്. ലളിതമായ അലങ്കാര വസ്‌തുക്കളോ ആക്‌സസറിയോ വച്ച ഷെൽഫ് നൽകാം. ചെടികൾ വളരെ നല്ല പശ്ചാത്തലമൊരുക്കുന്നു. അവ ഷെൽഫിൽ വയ്ക്കാം, മേശമേൽ വയ്ക്കാം, വലിയൊരു ചട്ടിയിൽ തറയിൽ വയ്ക്കാം. ചുമരിന് ഗ്ലോസ്സി അല്ലാത്ത പെയിൻ്റ് അടിക്കാം. കുത്തുന്ന നിറങ്ങളും പാറ്റേണുകളുടെ ആധിക്യവും ഒഴിവാക്കാം.
വോൾപേപ്പറുകൾ, വോൾ സ്‌റ്റിക്കറുകൾ എന്നിവ നൽകാം. വ്യത്യസ്‌ത നിറങ്ങളിലും പാറ്റേണിലുമുള്ള കാൻവാസോ ഫാബ്രിക്കോ ചുമരിൽ നൽകുന്നതും ഭംഗിയേകുന്നു. അതു മാത്രമല്ല, ഇവ ഇടയ്ക്കിടെ മാറ്റാനും സാധിക്കും. അപ്പോൾ കാഴ്‌ചക്കാർക്ക് ഒരേ പശ്ചാത്തലത്തിൻ്റെ വിരസത തോന്നില്ല.
ലൈറ്റിങ്
വിഡിയോ എടുക്കുമ്പോൾ ലൈറ്റിങ് വളരെ പ്രധാനമാണ്. എവിടെയാണ് ഇരിക്കേണ്ടത്, എവിടെയാണ് വെളിച്ചം വീഴുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രകൃതിദത്ത വെളിച്ചമാണ് ഏറ്റവും നല്ലത്. നന്നായി സൂര്യപ്രകാശം കിട്ടുന്നയിടം തിരഞ്ഞെടുക്കാം. പ്രകൃതിദത്ത വെളിച്ചം ലഭ്യമല്ല എങ്കിൽ കൃത്രിമ വെളിച്ചത്തെക്കുറിച്ച് ചിന്തിക്കാം. കൃത്രിമ വെളിച്ചത്തിന് സോഫ്റ്റ് ബോക്സ് ലൈറ്റുകളോ, എൽഇഡി പാനലോ നൽകാം. ഇതു വഴി നിഴലുകളില്ലാത്തതും ഏറ്റവും നന്നായി വസ്‌തുക്കളെ കാഴ്ചക്കാരിലേക്ക് എത്തിക്കുന്നതുമായ ലൈറ്റിങ് ലഭിക്കും.
സൗണ്ട് പ്രൂഫിങ്
ശബ്ദകോലാഹലമില്ലാത്ത ഇടം തിരഞ്ഞെടുക്കണം. ശബ്ദം വരുന്ന ഇടമാണെങ്കിൽ കർട്ടൻ, അക്വൗസ്‌റ്റിക് പാനൽ എന്നിവ നൽകാം. അക്വൗസ്റ്റിക് പാനൽ ഓൺലൈനിൽ ലഭ്യമാണ്; പിടിപ്പിക്കാനും എളുപ്പമാണ്. കനമുള്ള കാർപെറ്റും റഗ്ഗും തറയിൽ ഇടുന്നതും ശബ്ദം കുറയ്ക്കാൻ സഹായിക്കും.
ഫർണിച്ചർ
ഉപയോഗത്തിനു മാത്രമുള്ള ഫർണിച്ചർ നൽകിയാൽ മതി. ഒരു സോഫയോ കസേരയോ നൽകാം. അതാകുമ്പോൾ ഇരുന്നു സംസാരിക്കാം. അല്ലാത്തപക്ഷം, നിൽക്കാനുള്ള ഇടം ഉണ്ടാകുകയും ചെയ്യും. ക്യാമറയും മറ്റ് അനുബന്ധ സാധനങ്ങളും വയ്ക്കുന്നതിന് ചെറിയ മേശയും വേണ്ടിവരും.
ചൂട് കുറയ്ക്കാം
ഷൂട്ട് ചെയ്യുമ്പോൾ കൂടുതൽ ലൈറ്റുകൾ ആവശ്യമായി വരുന്നതിനാൽ മുറിക്കുള്ളിൽ ചൂട് കൂടും. അതിനാൽ ഫാൻ വേണം. സാമ്പത്തികം അനുവദിക്കുന്നവർക്ക് എസിയും നൽകാം.
പ്ലഗ് പോയിൻ്റുകൾ
ക്യാമറ, ലൈറ്റ് തുടങ്ങിയ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ആവശ്യമായ പ്ലഗ് പോയിൻ്റുകൾ ഉറപ്പാക്കുക. അവ എത്ര ഉയരത്തിൽ എവിടെ നൽകണമെന്നും നിശ്ചയിക്കുക.
നിങ്ങളുടെ കയ്യൊപ്പ്
നിങ്ങളുടെ വ്യക്തിത്വത്തെയോ അവതരിപ്പിക്കുന്ന വിഷയത്തെയോ സൂചിപ്പിക്കുന്ന അലങ്കാരങ്ങൾ നൽകാം. ഫാൻസി ലൈറ്റ്, ആർട് വർക്, ചെടികൾ തുടങ്ങിയവയൊക്കെ ഇത്തരത്തിൽ ഉപയോഗിക്കാം. ഉദാഹരണത്തിന് വാഹനങ്ങളെക്കുറിച്ച് വ്ലോഗ് ചെയ്യുന്നവരാണെങ്കിൽ വാഹനങ്ങളുടെ മിനിയേച്ചർ കൊണ്ട് മോടി കൂട്ടാം. അങ്ങനെ സ്വന്തമായ കയ്യൊപ്പ് നൽകാം.
സ്‌റ്റോറേജ്
ക്യാമറയും അനുബന്ധ സാമഗ്രികളും സൂക്ഷിക്കാനുള്ള ഇടം കൂടി കരുതിയാൽ കയ്യെത്തും ദൂരത്ത് എല്ലാമായി. ഫാഷൻ, ബ്യൂട്ടി വ്ലോഗ് ചെയ്യുന്നവരാണെങ്കിൽ കണ്ണാടി നൽകാം. മേക്കപ്പ് സാധനങ്ങൾ സൂക്ഷിക്കാൻ ഭംഗിയുള്ള ചെസ്‌റ്ററുകൾ നൽകാം. എല്ലാം അടുക്കിയൊതുക്കി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ആദ്യം തന്നെ ഇവയെല്ലാം സജ്‌ജീകരിക്കേണ്ട ആവശ്യമില്ല. അടിസ്ഥാന കാര്യങ്ങളും ചെറിയ രീതിയിലുള്ള മോടി പിടിപ്പിക്കലും നടത്തിയതിനുശേഷം പതിയെ വരുമാനം കിട്ടിത്തുടങ്ങുന്നതിനനുസരിച്ച് വ്ലോഗിങ് സ്പേസും സൂപ്പറാക്കം.