
ഇന്റീരിയർ-ചെലവു നിയന്ത്രിച്ച്
പോക്കറ്റിനിണങ്ങുന്ന രീതിയിൽ ഇൻ്റീരിയർ ചെയ്യാൻ പുനരുപയോഗം പോലെ ചില കാര്യങ്ങളിൽ ശ്രദ്ധിക്കാം
വീടുപണിയിൽ ചെലവ് ഏറ്റവും കൂടുതൽ വരുന്ന വിഭാഗമാണ് ഇൻ്റീരിയർ. അൽപമൊന്ന് ശ്രദ്ധിച്ചാൽ ഇന്റ്റീരിയറിന്റെ ചെലവ് നമുക്ക് നിയന്ത്രിക്കാവുന്നതേയുള്ളൂ.
കഴിവതും പഴയ സാധനങ്ങൾ പുനരുപയോഗിക്കാൻ ശ്രദ്ധിക്കാം. ആദ്യംതന്നെ, പുതിയ തീമിനിണങ്ങുന്നതാണോ കയ്യിലുള്ള സാമഗ്രികൾ എന്നു നോക്കാം. അല്ലെങ്കിൽ അതിനെ എങ്ങനെ പുതിയ തീമിനോടിണക്കാമെന്ന് ആലോചിക്കാം. ഡൈനിങ് ടേബിൾ, കട്ടിൽ എന്നിവയൊക്കെ മിക്കവരുടെയും കയ്യിലുണ്ടാവും. അവ ഒന്ന് റീസൈക്ക്ൾ ചെയ്ത് എടുത്താൽ മതി. ഉദാഹരണത്തിന് പഴയ സോഫയ്ക്ക് പുതിയ അപ്ഹോൾസ്‌റ്ററി ചെയ്യാം, പഴയ കട്ടിലിന് പുതിയ തീമിനിണങ്ങുന്ന ഹെഡ്ബോർഡ് പണിയാം. പുതിയവ വാങ്ങുന്നതിന്റെ പകുതിയായി ചെലവ് കുറയ്ക്കാൻ സാധിക്കും.
ചെലവു കുറയ്ക്കാൻ ഏറ്റവും നല്ല മാർഗം മിനിമലിസ്റ്റിക് ശൈലിയെ കൂട്ടുപിടിക്കുകയാണ്. മിനിമലിസ്റ്റ് എന്നു പറഞ്ഞാൽ നേർരേഖയിലുള്ള ഫർണിച്ചർ മാത്രമേ പാടുള്ളൂ എന്നർഥമില്ല.
എക്ലിറ്റിക്, ബൊഹീമിയൻ, ഷാബി ഷീക്ക് എന്നീ ശൈലികൾ ചെലവു കുറച്ച് ചെയ്യാവുന്ന ഇൻ്റീരിയർ തന്ത്രങ്ങളാണ്. ഒരു സ്റ്റേറ്റ്മെൻ്റ് പീസ് ഇട്ട് അതിനൊപ്പം കയ്യിലുള്ള സാധനങ്ങളൊക്കെ വച്ചലങ്കരിക്കാമെന്നതാണ് ഷാബി ഷീക്കിന്റെ പ്രത്യേകത. ബ്രൈറ്റ് നിറങ്ങളാണ് എക്ലിറ്റിക് ശൈലിയുടെ സവിശേഷത. എന്തും ചേരുമെന്നതാണ് ബൊഹീമിയൻ്റെ മിടുക്ക്.
പ്ലാനിങ് ഘട്ടത്തിൽ തന്നെ ഡിസൈനറെ ഉൾപെടുത്താൻ ശ്രദ്ധിക്കണം. സ്ട്രക്‌ചർ പൂർത്തിയായ ശേഷം ഡിസൈനറെ സമീപിക്കുന്ന രീതി ശരിയല്ല. പ്ലമിങ്, ഇലക്ട്രിക് ചെലവ് കൂടാതിതിക്കാൻ ഇതു സഹായിക്കും. ഓപൻ പ്ലാനിൽ പാർട്ടീഷനുകൾക്ക് പ്രാധാന്യമുണ്ട്. ഇവ എവിടെയൊക്കെ വേണമെന്ന കൃത്യമായ ധാരണ ഡിസൈനർക്കുണ്ടാവും. ആദ്യം തന്നെ ഡിസൈനറെ ഏർപെടുത്തിയാൽ പൊളിച്ചു പണിയുടെ നഷ്ടം ഒഴിവാക്കാം.
ഒരു പുതിയ ഫ്ലാറ്റിന്റെ ഇന്റീരിയർ ചെയ്യാൻ ചതുരശ്രയടിക്ക് 1,500-1,800 രൂപ ആകുമെങ്കിൽ ഇലക്ട്രിക്, പ്ലമിങ് ജോലികൾ കൃത്യമായി നടന്നാൽ ഇത് 1,000 രൂപ ആയി കുറയ്ക്കാൻ സാധിക്കും. അതിനാണ് ഡിസൈനറെ പ്ലാനിങ് സ്‌റ്റേജിൽ തന്നെ ഇടപെടുത്തണമെന്നു പറയുന്നത്.
പോക്കറ്റ് കാലിയാകാതിരിക്കാൻ വിനൈൽ ഫ്ലോറിങ്ങിനെ കൂട്ടുപിടിക്കാവുന്നതാണ്. ഒരു മെറ്റീരിയൽ തന്നെ ഉപയോഗിക്കാതെ പല മെറ്റീരിയലുകളുടെ കോംബിനേഷൻ ഉപയോഗിക്കുന്നതും സാമ്പത്തിക ലാഭമേകും. ഒരു മുറി അൽപം ആഡംബരത്തിൽ ചെയ്താലും മറ്റു മുറികളിൽ ലാളിത്യം കൊണ്ടുവരാം. ലിവിങ് റൂം പോലെ എല്ലാവരുടെയും ശ്രദ്ധകവരുന്ന മുറി കുറച്ചധികം ഭംഗിയായി അലങ്കരിച്ച്, കിടപ്പുമുറിയിൽ അൽപം വിട്ടുവീഴ്ച ചെയ്യുക.
വോൾപേപ്പർ ആണോ പെയിന്റ് ആണോ ലാഭമെന്ന് മിക്കവർക്കും സംശയമുണ്ടാകാറുണ്ട്. പെയിന്റ് ആണ് ലാഭം. വോൾപേപ്പറിന് ചെലവും മെയിൻ്റനൻസും കൂടുതലാണ്. പെയിന്റിന്റെ ശരിയായ ഉപയോഗം വഴി മുറിയുടെ പൊക്കവും ആഴവും കൂട്ടാനും കുറയ്ക്കാനും സാധിക്കും. രണ്ട് മുറികൾ തമ്മിൽ വേർതിരിക്കാൻ വരെ പെയിൻ്റിന് സാധിക്കും.
സോഫ പണിയുമ്പോൾ ആംറെസ്റ്റ് ഇല്ലാതെ പണിയിപ്പിച്ചാൽ ഏതു മുറിയിലും എങ്ങനെ വേണമെങ്കിലും ഇടാം. ഉദാഹരണത്തിന് 'എൽ' ഷേപ്പ് ആയും ഇടാൻ സാധിക്കും. സ്വന്തം വീടല്ല എങ്കിലും കുറച്ചു നാളുകൾ മാത്രമേ ഒരു വീട്ടിൽ താമസിക്കാൻ സാധ്യത ഉള്ളൂ എങ്കിലും റെഡിമെയ്‌ഡ് ഫർണിച്ചർ ഉപയോഗിക്കാം. അല്ലാത്തപക്ഷം ഇൻ-ബിൽറ്റ് വാഡ്രോബുകളും ഫർണിച്ചറും ഉപയോഗിക്കാവുന്നതാണ്.
ബജറ്റ് കൂട്ടുന്ന മറ്റൊന്നാണ് ഫോൾസ് സീലിങ്. 300 ചതുരശ്രയടിയുള്ള മുറിക്ക് വെനീർ ഫിനിഷുള്ള ഫോൾസ് സീലിങ് ചെയ്യണമെങ്കിൽ 25,000-30,000 രൂപ ആകും. എന്നാൽ ഫോൾസ് സീലിങ് പകരുന്ന ആംബിയൻസിനും പ്രയോജനത്തിനും മറ്റൊന്നും പകരം വയ്ക്കാൻ ആവില്ലതാനും. മുഴുവനായി ഫോൾസ് സീലിങ് ചെയ്യാതെ ആവശ്യമുള്ള ഇടങ്ങളിൽ മാത്രം ഫോൾസ് സീലിങ് ചെയ്യുക എന്നതാണ് പ്രതിവിധി. ഉദാഹരണത്തിന് ഒരു മുറിയിൽ രണ്ട് ലൈറ്റേ ഉള്ളുവെങ്കിൽ വോൾ ചിപ്പിങ് ചെയ്ത് അവിടെ മാത്രം ഫോൾസ് സീലിങ് നൽകിയാൽ മതി.
ചെലവു കുറയ്ക്കാനായി മെറ്റീരിയലുകളുടെ നിലവാരം കുറയ്ക്കരുത്. അലങ്കാരങ്ങളുടെ അളവിൽ വ്യത്യാസം വരുത്താം. നേരത്തെ പറഞ്ഞതു പോലെ ഒരു മുറിയോ ഒരു നിലയോ നന്നായി ഇന്റീരിയർ ചെയ്ത് മുകളിലെ നില ലളിതമായി ചെയ്യാം. പക്ഷേ, മെറ്റീരിയൽ നിലവാരമുള്ളത് ഉപയോഗിക്കണം. അല്ലെങ്കിൽ കുറച്ചു നാളുകൾ കഴിയുമ്പോൾ അറ്റകുറ്റപ്പണിക്കായി നഷ്ടം വരും.
കഴിവതും പണി ഇടയ്ക്കു വച്ച് നിർത്താതിരിക്കുക. ആദ്യം തന്നെ പണിക്കുള്ള പൈസ കരുതുക. ഇടയ്ക്കു വച്ച് നിർത്തുന്നത് നഷ്ടമുണ്ടാക്കും.
പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ കഴുകാവുന്നതോ ഗ്ലോസി ആയതോ എടുക്കുക. അപ്പോൾ പെട്ടെന്ന് റീപെയിന്റ് ചെയ്യേണ്ട ആവശ്യം വരില്ല.
ആവശ്യമുള്ള ഇടങ്ങളിൽ മാത്രം വാഡ്രോബിനു മുകളിൽ ലോഫ്റ്റ് നൽകുക. പലപ്പോഴും ലോഫ്റ്റ് ഉപയോഗിക്കാതെ ഇടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. 80,000 രൂപ ചെലവു വരുന്ന ഒരു വാഡ്രോബിനു മുകളിലെ മുഴുനീളൻ ലോഫ്റ്റിന് ഏകദേശം 30,000 രൂപയാകും. മൂന്നു കിടപ്പുമുറികളുണ്ടെങ്കിൽ ലോഫ്റ്റ് തന്നെ ഒരു ലക്ഷം രൂപയോളമാകും. കിച്ചൻ ലോഫ്റ്റും ഇങ്ങനെ തന്നെ. ആവശ്യമില്ലെങ്കിൽ ഒഴിവാക്കാം.
മോഡുലർ കിച്ചൻ ഉപയോഗപ്രദമാണെങ്കിലും ചെലവു കൂട്ടും. അടുക്കളയിലെ കാബിനറ്റുകൾ മുഴുവനായി മൾട്ടിവുഡിലോ മറൈൻ പ്ലൈയിലോ ചെയ്യുന്നതിനു പകരം ഇവയുടെ കോംബിനേഷൻ പരീക്ഷിക്കാം. അതുമല്ലെങ്കിൽ ടോപ് കാബിനറ്റ് ഷട്ടറുകൾ മാത്രം പ്രീലാമിനേറ്റഡ് എംഡിഎഫിൽ ചെയ്തെടുക്കാം.
ഇലക്ട്രിക്കൽ മെറ്റീരിയൽ ഗുണനിലവാരമുള്ളവ ഉപയോഗിക്കുക. ഭംഗിക്കുവേണ്ടി വെറുതെ ലൈറ്റ് പോയിന്റ്സ് നൽകുന്നതിനു പകരം ടാസ്ക്ക്, മൂഡ്, ജനറൽ ലൈറ്റിങ് എന്നിവയുടെ കോംബിനേഷൻ നൽകിയാൽ കാര്യക്ഷമമായ ലൈറ്റിങ് സാധ്യമാകും.