
പുനർജന്മം
പഴയ ഉൽപന്നങ്ങൾക്ക് പുതിയ രൂപവും ഉപയോഗവും നൽകുന്നതിനെപ്പറ്റി സുമി റാണി എഴുതുന്നു
ഒരു വസ്തുവിന്റെ ആയുസ്സ് എത്രയാണ്? ഫർണിച്ചറാണെങ്കിൽ പുതിയത് വാങ്ങുന്നതുവരെ. അല്ലെങ്കിൽ പെയിന്റ് പോകുമ്പോഴോ കുഷൻ കീറുന്നതുവരെയോ മറ്റു കേടുപാടുകൾ വരുന്നത് വരെയോ ആയിരിക്കും. പുതിയത് വീട്ടിൽ കയറിവരുമ്പോൾ പഴയതിനെ ഇരുട്ട് മൂലയിലേക്കോ തട്ടുംപുറത്തേക്കോ സ്‌ഥാനം മാറ്റും. ശരിക്കും അതിന്റെ ആയുസ്സ് നമ്മൾ തീരുമാനിക്കുന്നതല്ലേ? കേട് തീർത്തോ, മിനുക്കിയോ, മറ്റൊരു ഉപയോഗത്തിനോ ആയി അവയെ മാറ്റിയെടുക്കേണ്ടത് നമ്മളല്ലേ?
പുതിയ മുഖം
അതൊക്കെ പഴയതല്ലേ? പലതും ചിതലരിച്ചവ, പെയിന്റ് ഇളകിയവ, കുഷൻ ചെളി പിടിച്ചവ, സ്‌റ്റിച്ച് വിട്ടവ, ഇത് കൊണ്ടാക്കെ എന്ത് പ്രയോജനം? ഇങ്ങനെ ചിന്തിക്കാൻ വരട്ടെ. പുതിയത് വാങ്ങുന്നതിന് മുൻപ് പഴയതിനെ ഒന്ന് സൂക്ഷിച്ചു നോക്കൂ... 'എന്നെ ഒന്ന് മിനുക്കിയെടുക്കൂ, ഇനിയും ഒത്തിരികാലം സേവനം ചെയ്യാം' എന്ന് പറയുന്നതായി കാണാം. കേടുപാടുകൾ തീർക്കാം, കീടങ്ങളെ തുരത്താം, പോളിഷ് ചെയ്‌ത് കുഷൻ മാറ്റാം. ആള് കിടുക്കനാവും. മാറ്റി വയ്ക്കാൻ കുറച്ച് സമയം മാത്രം മതി. പഴയ തടി ഉൽപന്നമാണെങ്കിൽ ചിതലും പൂപ്പലും ഉണ്ടാക്കും. ചീകി കളഞ്ഞ് കീടങ്ങൾക്കെതിരെ മരുന്നടിച്ച് പോളിഷ് ചെയ്യാം.
കിടപ്പുമുറിയിലെ കർട്ടനും ബെഡ്ഷീറ്റും മാറ്റി വിരിക്കുമ്പോൾ തന്നെ ഒരു സന്തോഷം തോന്നാറില്ലേ... അതു തന്നെയാണ് ഇവിടെത്തെയും ലോജിക്. പാശ്ചാത്യരിൽ മാതൃകയുണ്ട്. അവർ നിശ്ചിത ഇടവേളകളിൽ അകത്തളത്തിലെ ഫർണിച്ചർ, ചുമരിലെ പെയിൻ്റിങ്, എന്തിന് ക്ലോക്ക് വരെ സ്ഥാനം മാറ്റി വയ്ക്കും. ഇത് വീടിനകത്ത് മറ്റൊരു ഫീൽ നിറയ്ക്കും. കണ്ടുമടുത്തവ മാറുമ്പോൾ അകത്തളത്തിന്റെ മുഖഛായ തന്നെ മാറും.
പുതിയ വീടിന്റെ അടുക്കള എന്ത് ഭംഗിയായിരുന്നല്ലേ... പുതുപുത്തൻ കാബിൻ, മിന്നുന്ന കൗണ്ടർടോപ്, അങ്ങനെ അങ്ങനെ... ഇപ്പോഴോ? അടുക്കളയിലേക്ക് പോകാൻ തന്നെ മടി തോന്നുന്നില്ലേ? കാബിനുകളുടെ പെയിന്റ് മാറ്റാം, പോളിഷ് ചെയ്യാം. അവയുടെ ഹാൻഡിൽ പഴയതായെങ്കിൽ പുതിയത് നൽകാം. ബ്രേക്ഫാസ്റ്റ് ടേബിൾ ഇല്ലെങ്കിൽ ഒരുക്കാം. ഉണ്ടെങ്കിൽ സ്ഥാനം മാറ്റി ക്രമീകരിക്കാം. മാറ്റം അതിശയിപ്പിക്കും.
അടുക്കളയിലെ ബ്രേക്‌ഫാസ്‌റ്റ് കൗണ്ടറിന്റെ ഡിസൈനിനോടു ചേർന്ന് പഴയ കസേര പുതുക്കി കുഷൻ ചെയ്‌ത് നൽകിയപ്പോൾ.
പുതിയ ഉപയോഗം
വസ്‌തുക്കൾ മിനുക്കിയെടുക്കുക മാത്രമല്ല, മറ്റ് ഉപയോഗങ്ങൾക്കായും പ്രയോജനപ്പെടുത്താം. പുതിയ വീട് വയ്ക്കുന്നവർ പഴയ വീട്ടിലെ വസ്തുക്കൾ സ്‌ഥലം മുടക്കികളാണെന്ന് പറഞ്ഞ് കിട്ടുന്ന വിലയ്ക്ക് തൂക്കിവിൽക്കുകയാണ് പൊതുവേ ചെയ്യാറ്. തടിയൊന്നും കൊടുത്തേക്കല്ലേ... എത്ര എത്ര ഉൽപന്നങ്ങളായി രൂപം മാറാൻ അതിന്റെ ജന്മം പിന്നെയും ബാക്കിയുണ്ടെന്നോ... ചെറിയൊരു ബുദ്ധി പ്രയോഗിച്ചാൽ പണ്ടത്തേക്കാൾ മിടുക്കിലും ഭംഗിയിലും അവയ്ക്ക് പുതിയ രൂപവും ഉപയോഗവും നൽകാം.
പഴയ ജനൽ പാളികളും കട്ടിലുകളും വ്യത്യസ്തങ്ങളായ അലങ്കാരങ്ങളായും ബുക്ക് ഷെൽഫുകളാക്കിയും മാറ്റാം. കട്ടിലിന്റെ ഹെഡ്‌ബോർഡ് ആക്കാം. പഴയ തടി കസേരകൾ ചേർത്തു വച്ച് ബെഞ്ച് ആക്കാം. കുഷൻ ചെയ്‌ത് സോഫയാക്കാം. ഭിത്തിയിൽ അലങ്കാരമായി പ്രയോജനപ്പെടുത്താം. ടീപോയ്, കട്ടിലിനരികിലേക്കുള്ള സൈഡ് ടേബിൾ എന്നിവയോക്കെയായി രൂപം മാറാൻ ഒരുക്കമാണ് പഴയ വാതിലുകളും ജനലും. പഴയ ഡൈനിങ് ടേബിൾ ഉപയോഗിച്ച് വാഷ് ബേസിൻ കൗണ്ടർ പണിയാം. ചെറുതാക്കി ടീപോയ് ആക്കാം. ഒരു ചതുരശ്രയടി തടി കിട്ടിയാൽ തന്നെ നിരവധി ഉൽപന്നങ്ങളാക്കാം. ഇന്റീരിയറിലെ ചെടിച്ചട്ടികൾക്ക് തടിയുടെ ബോക്സ് എന്ത് ഭംഗിയുണ്ടാക്കും! ജിഐ സ്‌ക്വയർ പൈപ്പുകൾ പഴയ തടിയുടെ കൂടെ ചേർന്ന് അത്ഭുതങ്ങൾ തീർക്കും. ഒരു വെൽഡിങ് മെഷീൻ മാത്രം മതി. കുറച്ച് ഐഡിയകളും.
പഴയ തടി ഫർണിച്ചറിന് ഡിസ്ട്രസ് പെയിന്റ്റ് നൽകി മനോഹരമാക്കാം. പഴയ മരത്തടിയും അലങ്കാരത്തിനായി പ്രയോജനപ്പെടുത്താം.
പുതിയ ആശയം
കൂടുതൽ സമയം എടുക്കാതെ പെയിന്റ് ചെയ്തും റീ അപ്ഹോൾസ്‌റ്ററി ചെയ്തും എളുപ്പത്തിൽ മാറ്റിയെടുക്കാവുന്ന നിരവധി ഉൽപന്നങ്ങളുണ്ട്. വലിയ മാറ്റമൊന്നും വരുത്താതെ മറ്റൊരു ഇടത്തേക്ക് വേറൊരു ഉപയോഗത്തിന് പ്രയോജനപ്പെടുത്താവു ന്നവ. അകത്ത് ഒത്തിരി കാലം ഉപയോഗിച്ച ബെഞ്ച്, കസേര എന്നിവ ലാൻഡ്സ്കേപിൽ പരീക്ഷിക്കാം. ഡിസ്ട്രസ് പെയിൻ്റ് നൽകിയാൽ ഭംഗി കൂടും. പഴയ വാതിലുകളുടെ ഹാൻഡിലുകൾ ഇതുപോലെയാണ്. പല വിധത്തിൽ പ്രയോജനപ്പെടുത്താം. പഴയ ഗോവണിയുണ്ടെങ്കിൽ ലൈബ്രറിയിലേക്കും ഗാർഡനിലേക്കും ഉപയോഗപ്പെടുത്തം.
ലാംപ് ഷേഡുകൾക്ക് നിയതമായ രൂപമില്ലാത്തത് എത്ര നന്നായി. കയ്യിൽ കിട്ടുന്നതെല്ലാം ലാംപ് ഷേഡുകളാവാൻ ഒരുക്കമാണ്. മനസ്സിൽ ആശയങ്ങൾ വിരിഞ്ഞാൽ മാത്രം മതി.
റീയൂസ്, റെനവേഷൻ, റീസൈക്കിൾ എന്നിങ്ങിനെ മൂന്ന് വിധത്തിൽ ഉൽപന്നങ്ങൾ വീണ്ടും ഉപയോഗപ്പെടുത്താമല്ലോ. പുതിയ വീടിൻ്റെ തീം അനുസരിച്ചും വസ്തുവിന്റെ ഗുണനിലവാരം നോക്കിയും എന്താണ് വേണ്ടതെന്ന് ആലോചിക്കുക. കൂടുതൽ ടൂൾസ് വേണമെന്നില്ല. വീട്ടുകാർക്ക് തന്നെ ചെയ്യാം.
മാറ്റൊന്ന് വാങ്ങുന്നതിന്റെ പണച്ചെലവ് കുറയ്ക്കുക മാത്രമല്ല, ഉൽപന്നത്തിന് ഒരു സവിശേഷത കൊടുക്കുകയുമാണ് ചെയ്യുന്നത്. ഇഷ്ട വസ്തുക്കളുടെ മൂല്യം പണത്തേക്കാൾ കൂടുതലല്ലേ? ഇഷ്ടമുള്ള സാധനങ്ങൾ ഒഴിവാക്കാൻ പലർക്കും മടിയാണ്. പുതിയ രൂപത്തിൽ അവ നമ്മളെ അതിശയിപ്പിക്കട്ടെ.