WhatsApp Icon

Blog Details

Home Blog Details

റഗ് സംശയങ്ങൾ മാറ്റാം

റഗ്ഗിനെയും കാർപെറ്റിനെയും നന്നായി അറിയാംശരിയായി പ്രയോജനപ്പെടുത്താം

     റഗ്ഗും കാർപെറ്റുമൊക്കെ സാധാരണക്കാരുടെ വീടുകളിൽ അത്ര സുപരിചിതമായിരുന്നില്ല. അതു കൊണ്ടുതന്നെ ഇതിന്റെയെല്ലാം ഉപയോഗങ്ങളെക്കുറിച്ചും പരിചരണത്തെക്കുറിച്ചുമൊക്കെ അവ്യക്ത‌തകളും സംശയങ്ങളും നമുക്കുണ്ട്. റഗ്ഗും കാർപെറ്റും ഒന്നുതന്നെയാണോ? നമ്മുടെ കാലാവസ്‌ഥയുമായി ചേരുമോ? ഇത്തരം സംശയങ്ങളെല്ലാം ഇവിടെ അവസാനിപ്പിക്കാം. റഗ്ഗിനെക്കുറിച്ചും കാർപെറ്റിനെക്കുറിച്ചും അറിയേണ്ടതെല്ലാം ഇതാ ഈ പേജുകളിലുണ്ട്…

റഗ്ഗും കാർപെറ്റും

     റഗ്ഗും കാർപെറ്റും ഒന്നാണോ എന്ന സംശയം മിക്കവർക്കും ഉണ്ടാകാറുണ്ട്. ഉപയോഗത്തിലെയും വലുപ്പത്തിലെയും വ്യത്യസ്‌തതയാണ് റഗ്ഗിനെയും കാർപെറ്റിനെയും വേർതിരിക്കുന്നത്. നിർവചനമനുസരിച്ച് മുറി മുഴുവൻ നിറഞ്ഞിരിക്കുന്നതാണ് (wall to wall)  കാർപെറ്റ്. റഗ് ഏതെങ്കിലും ഒരു ഫർണിച്ചറിനു താഴെ ഇടാവുന്നതും നീളവും വീതിയും കുറഞ്ഞതുമാണ്. റഗ് ആവശ്യാനുസരണം സ്‌ഥാനം മാറ്റിയിടാം.

     ഓഫിസുകളിലാണ് സാധാരണ കാർപെറ്റ് ഉപയോഗിക്കാറുള്ളത്. സൗണ്ട് പ്രൂഫിങ്ങാണ് പ്രധാന ഉപയോഗം. നിലവിലുള്ള ഫ്ലോറിങ് മറയ്ക്കാനും ഫോർമൽ ലൂക്ക് നൽകാനുമൊക്കെ കാർപെറ്റ് ഉപയോഗിക്കാം. തണുപ്പ് കൂടുതലുള്ള വിദേശ രാജ്യങ്ങളിൽ മുറിയിൽ ചൂട് കിട്ടാൻ നിലം മുഴുവൻ കാർപെറ്റ് വിരിക്കാറുണ്ട്.

എങ്ങനെ തിരഞ്ഞെടുക്കാം

     എളുപ്പത്തിൽ ഉപയോഗിക്കാനും കഴുകാനും കഴിയുന്ന, ഈർപ്പം വലിച്ചെടുക്കാത്ത റഗ് വേണം തിരഞ്ഞെടുക്കാൻ. ഭാരം ഏറ്റവും കുറവ് പ്രകൃതിദത്തമായ നാരുകൾ കൊണ്ടുള്ള റഗ്ഗിനാണ്. നൈലോൺ, പോളിയെസ്റ്റർ റഗ്ഗുകളും ഉപയോഗിക്കാൻ എളുപ്പമാണ്.

     മുറിയിൽ ഇളംചൂടും മാർദവവും നൽകാനും ഭംഗി കൂട്ടാനും റഗ് സഹായിക്കും. ട്രെഡീഷനൽ, കന്റെംപ്രറി, നാച്വറൽ, ബൊഹീമിയൻ, ക്ലാസിക്, ജ്യോമട്രിക്കൽ, അബ്സ്ട്രാക്റ്റ്, ഫ്ലോറൽ, സോളിഡ് കളർ… ഇങ്ങനെ ധാരാളം ശൈലികളിലും പാറ്റേണുകളിലുമുള്ള റഗ് വിപണിയിൽ ലഭ്യമാണ്. ഇന്റീരിയറിന്റെ സ്റ്റൈലിന് അനുസരിച്ചുള്ളത് തിരഞ്ഞെടുക്കാം.

      ട്രെഡീഷനൽ റഗ്ഗിൽ തന്നെ പേർഷ്യൻ, അറേബ്യൻ, കശ്മീർ, ആഫ്രിക്കൻ തുടങ്ങി വ്യത്യസ്‌തതകൾ ഒട്ടേറെയുണ്ട്. ഓരോയിനം റഗ്ഗുകളും തമ്മിലുള്ള വ്യത്യാസം പലപ്പോഴും വളരെ നേർത്തതാണ്. അതുകൊണ്ട് സൂക്ഷിച്ചുവേണം തിരഞ്ഞെടുക്കാൻ. കന്റെംപ്രറി   ശൈലിയിൽ  പാറ്റേണുകളേക്കാൾ ഒറ്റ നിറത്തോടു കൂടിയ റഗ്ഗുകളാണ് കൂടുതൽ ഉപയോഗിക്കുന്നത്.

     കന്റെംപ്രറി വീടുകളിൽ അണ്ഡാക്യതിയിലും വൃത്താകൃതിയിലുമൊക്കെയുള്ള റഗ് യോജിക്കും. എന്നാൽ ട്രെഡീഷനൽ ശൈലിയിലുള്ള വീടിന് ചതുരം, ദീർഘചതുരം എന്നീ ആകൃതികളാണ് കൂടുതൽ ചേരുക. വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിളിൻ്റെ കൂടെ അതേ ആകൃതിയിലുള്ള റഗ് ഉപയോഗിക്കാം. എന്നാൽ ദീർഘചതുരാകൃതിയിലുള്ള ഡൈനിങ് ടേബിളിൻ്റെ കൂടെ വൃത്താകൃതിയിലുള്ള റഗ് ഉപയോഗിക്കുന്നത് ഭംഗിയായിരിക്കില്ല.

കുട്ടികളും വളർത്തുമൃഗങ്ങളും ഉള്ള വീടുകളിലേക്ക് ഇളം നിറമുള്ള റഗ് അനുയോജ്യമല്ല, ഒറ്റനിറം മാത്രമുള്ള റഗ്ഗിൽ കറ വന്നാൽ പെട്ടെന്ന് തിരിച്ചറിയാനാകും. ചെറിയ രീതിയിൽ പാറ്റേണുകളോ ഡിസൈനുകളോ ഉണ്ടെങ്കിൽ കറയുടെ തീവ്രത മറയ്ക്കാം.

റഗ് എവിടെയെല്ലാം?

     ഫോയർ, ലിവിങ് റൂം, ഡൈനിങ് റൂം,  ബെഡ്‌റൂം, കിച്ചൻ എന്നിവിടങ്ങളിലെല്ലാം ഫർണിച്ചറിനു താഴെ റഗ് ഉപയോഗിക്കാം. വൃത്തിയോടെ ഭക്ഷണസാധനങ്ങൾ കൈകകാര്യം ചെയ്യുന്നവർ മാത്രം ഡൈനിങ് ടേബിളിനു താഴെ റഗ് വിരിക്കുന്നതാണ് നല്ലത്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലേങ്കിൽ റഗ്ഗിൽ ഭക്ഷണമോ പാനീയങ്ങളോ വീണ് കറ പിടിക്കാൻ സാധ്യതയുണ്ട്. റഗ് ഡൈനിങ് ടേബിളി ൻ്റെ  നാല് വശത്തു നിന്നും 50 സെമീയെങ്കിലും പുറത്തേക്കു തള്ളി നിൽക്കണം. വെള്ളം പിടിക്കാത്ത മെറ്റീരിയൽ വേണം തിരഞ്ഞെടുക്കാൻ.

എന്തെല്ലാം മെറ്റീരിയൽ

     റഗ്ഗിൽ സിന്തറ്റിക്കും പ്രകൃതിദത്തവുമായ ഒട്ടേറെ മെറ്റീരിയൽ ഉണ്ട്. പ്രകൃതിദത്തനാരുകളായ സിൽക്, മൊഹോർ തുടങ്ങിയവ ലക്ഷ്വറി വിഭാഗത്തിൽപ്പെട്ടതാണ്. ഇന്ത്യൻ കോട്ടൻ, കയർ, ജൂട്ട്, കമ്പിളി, കുളവാഴയിൽ നിന്നും മുളയിൽ നിന്നുമെല്ലാം എടുക്കുന്ന ഫൈബർ തുടങ്ങിയവ ഇടത്തരക്കാർക്കുകൂടി ഉപയോഗിക്കാവുന്ന വിലനിലവാരത്തിൽ ലഭിക്കുന്ന മെറ്റീരിയലുകൾ ആണ്.
സിന്തറ്റിക്കിൽ പോളിയെസ്‌റ്റർ, മെമ്മറിഫോം, പോളി പ്രൊപ്പലീൻ, നൈലോൺ, അക്രിലിക് എന്നിവയാണ് കൂടുതൽ പ്രചാരത്തിലുള്ളത്.

റഗ് എന്തിന്?

     കർട്ടനും കുഷനുമെല്ലാം പോല മുറിയെ ഊഷ്‌മളമാക്കുക എന്നതാണ് റാഗ്ഗിൻ്റെ  പ്രധാന കടമ. മുറിയിൽ ചൂട് നൽകുമെന്നതിനാൽ തണുപ്പ് കൂടുതലുള്ള നാടുകളിലാണ് മറ്റും കാർപെറ്റും കൂടുതൽ ഉപയോഗിക്കുന്നത്. സോഫയിലോ കസേരയിലോ കട്ടിലിലോ ഇരിക്കുമ്പോൾ വെറും നിലത്ത് കാൽ വയ്ക്കുന്നതിനുപകരം മൃദുവായ എന്തിലെങ്കിലും വയ്ക്കുന്നതാണ് സുഖപ്രാവും ആരോഗ്യകരവും. ദീർഘനേരം നിൽക്കേണ്ടിവരുന്ന സ്‌ഥലങ്ങളിലും റഗ് ഇടുന്നത് നല്ലതാണ്.

വേണോ വേണ്ടയോ?

      അകത്തളത്തിൽ റഗ് ഉപയോഗിക്കണോ വേണ്ടയോ എന്നത് തീർത്തും വീട്ടുകാരുടെ തീരുമാനമാണ്. ചൂടും ഈർപ്പവും പൊടിയുമൊക്കയുള്ള കാലാവസ്‌ഥയാണ് കേരളത്തനിൽ. നന്നായി പരിപാലിച്ചില്ലെങ്കിൽ റഗ്/ കാർപെറ്റിൽ നിന്ന് ദുർഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. നന്നായി പരിപാലിക്കാൻ സാധിക്കാത്തവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. വാഷിങ് മെഷീനിൽ കഴുകാൻ കഴിയുന്ന ഒട്ടേറെ മെറ്റീരിയലുകൾ വിപണിയിൽ ഉള്ളതിനാൽ റഗ്ഗോ കാർപെറ്റോ ഇഷ്ടപ്പെടുന്നവർ പൂർണമായി ഉപേക്ഷിക്കുകയും വേണ്ട.

റഗ് ഇടുമ്പോൾ


     ഏത് മുറിയിലാണെങ്കിലും ഭിത്തിയിൽ നിന്ന് കുറഞ്ഞത് 24 ഇഞ്ച് മാറ്റി വേണം റഗ് ഇടാൻ എന്നാണ് നിയമം. ഫർണിച്ചറിന്റെ മുൻ കാലുകളെങ്കിലും റഗ്ഗിനു മുകളിൽ വരണം. ഫർണിച്ചർ മുഴുവൻ റഗ്ഗിനു മുകളിൽ വരുന്ന രീതിയി ലു ഇടാം. നാല് കാലും റഗ്ഗിനു മുകളിലാണെങ്കിൽ പിറകിലെ കാലുകളിൽ നിന്ന് കുറഞ്ഞത് ആറ് ഇഞ്ച് എങ്കിലും റഗ് പുറത്തേക്ക് തള്ളി നിൽക്കണം.

മുറിയുടെ മൂന്നിൽ ഒന്ന് ഭാഗം വരെ റഗ് വരാം. അതുകൊണ്ട് ഫ്ലോറിൻ്റെ നിറം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഫ്ലോറിൽ നിന്ന് പെട്ടെന്ന് എടുത്തറിയാവുന്ന നിറമോ പാറ്റേണോ തിരഞ്ഞെടുക്കാം

     ബെഡ്‌റൂമിൽ ഉപയോഗിക്കുമ്പോൾ കട്ടിലിന്റെ താഴത്തെ പകുതി മുതൽ വേണം ഇടാൻ. അല്ലെങ്കിൽ കട്ടിലും രണ്ട് സൈഡ് ടേബിളും മുഴുവൻ റഗ്ഗിന്റെ മുകളിൽ വരുന്ന രീതിയിലും ഇടാം. ഇത്തരത്തിൽ ഇട്ടാൽ കട്ടിലിനടിയിൽ വരുന്ന ഭാഗം ഉപയോഗശൂന്യമായി മാറും. മാത്രമല്ല, വൃത്തിയാക്കാനും പ്രയാസമായിരിക്കും. കട്ടിലിൻ്റെ ചുവട്ടിൽ റഗ് ഇടാൻ താൽപര്യമില്ലെങ്കിൽ കട്ടിലിനിരുവശത്തും മാത്രമായി റണ്ണർ റഗ് ഇടാം. ലളിതമായ ഡിസൈൻ താൽപര്യമുള്ളവർക്ക് ഫുട്‌ബോർഡിൻ്റെ താഴെ മാത്രവും റണ്ണർ റഗ് ഇടാം. കാൽ തുടച്ച് കട്ടിലിൽ കയറാനും വെറുതെയിരിക്കുമ്പോൾ കാൽ വയിക്കാനുമൊക്കെ റഗ് സഹായകരമായിരിക്കും.
     അടുക്കളയിൽ ദീർഘചതുരാകൃതിയിലുള്ള റഗ് ആയിരിക്കും ആവശ്യം. പോളിപ്രൊപലീൻ, അക്രിലിക്, റബർ ഫോം പോലുള്ള മെറ്റീരിയലുകൾ അടുക്കളയിലേക്കു യോജിക്കും.

അടുക്കളയിൽ കുറച്ചധികസമയം നിന്ന് ജോലി ചെയ്യേണ്ടി വരുന്നതിനാൽ റഗ്ഗിന്റെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും

വൃത്തിയാക്കാൻ വഴിയുണ്ട്

     വാക്വം ക്ലീനിങ്ങാണ് റഗ് വൃത്തിയാക്കാൻ ഏറ്റവും മികച്ച മാർഗം. കൂടാതെ, മിക്ക റഗ്ഗുകളും വാഷിങ് മെഷീനിൽ കഴുകാനാകും. സിൽക്കും മൊഹേറും ഒഴികേ, കമ്പിളി ഉൾപ്പെടെയുള്ള പ്രകൃതിദത്തനാരുകൾ കൊണ്ടുള്ള റഗ് കഴുകാം. കമ്പിളി കൊണ്ടുള്ള റഗ് വിലകൂടിയതാണെങ്കിലും ഈർപ്പം പിടിക്കില്ല. കമ്പിളിയിൽ പെട്ടെന്ന് കറയാവുകയുമില്ല; കറ പിടിച്ചാൽ തന്നെ കളയാൻ എളുപ്പവുമാണ്. വീട്ടിൽത്തന്ന കഴുകാൻ കഴിയുന്ന മെറ്റീരിയൽ ഉപയോഗിക്കുന്നതാണ് എളുപ്പം. കൂടാതെ, എല്ലായിടനത്തും റഗ് ഷാംപൂ ചെയ്യാൻ സൗകര്യമുണ്ട്. 800-1,500 രൂപ മതി പുറത്തുകൊടുത്ത് കഴുകിക്കാൻ. ആറ് മാസത്തിൽ ഒരിക്കലോ വർഷത്തിലൊരിക്കലോ പുറത്തുകൊടുത്തു കഴുകിയാൽ മതിയാവും.

 

റഗ് പാഡ് വേണം

     പ്രകൃതിദത്ത നാരുകൾ കൊണ്ടുള്ളതോ കനം കുറഞ്ഞതോ ആയ റഗ് ആണെങ്കിൽ റഗ്പാഡ് ഉപയോഗിക്കുന്നതു നന്നായിരിക്കും. റഗ്ഗിൻ്റെ അടിയിൽ ഇടുന്ന, റബർ അല്ലെങ്കിൽ സിന്തറ്റിക് മെറ്റീരിയൽ കൊണ്ടുള്ള പാഡ്, റഗ് അങ്ങോട്ടും ഇങ്ങോട്ടും വഴുതി മാറാതിരിക്കാൻ സഹായിക്കും. റഗ്ഗിനേക്കാൻ ഒന്നോ രണ്ടോ ഇഞ്ച് നീളം കുറഞ്ഞതായിരിക്കണം റഗ് പാഡ്.

ഫോയറിൽ റഗ്ഗിനുമീതെ  ഫർണിച്ചർ ഇല്ലേങ്കിൽ റഗ് പാഡ് അത്യാവശ്യമാണ്. മാത്രല്ലേ, റഗ്ഗിൻ്റെ ആയുസ്സു കൂട്ടാനും ചവിട്ടുമ്പോൾ കൂടുതൽ സുഖപ്രദമാകാനും റഗ് പാഡ് സഹായിക്കും.

പൈൽ അറിഞ്ഞിരിക്കണം

     റഗ്ഗിനു പുറത്തെ മാർദ്ദവമാണ് പൈൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത്, മൃദുവായ നാരുകളുടെ എണ്ണം. പൈൽ കുറഞ്ഞ റഗ് ആണ് നമ്മുടെ കാലാവസ്‌ഥയ്ക്കു നല്ലത്. പൈൽ കൂടുംതോറും ചൂടു കൂടും. പൊടിയടിയാനും സാധ്യതയുണ്ട്. അലർജിയുള്ളവർക്ക് പൈൽ കുറഞ്ഞ, കൈ കൊണ്ടു മെടഞ്ഞെടുത്ത റഗ്ഗായിരിക്കും അനുയോജ്യം.

     500 രൂപ മുതലുള്ള റഗ് വിപണിയിലുണ്ട്. ഹാൻഡ് മെയ്‌ഡ് റഗ്ഗാണ് ഏറ്റവും വിലകൂടിയത്. ഇതിൽ ഒരുവശത്ത് പൈലും മറുവശത്ത് നോട്ടും (knot) വരും. നോട്ടിൻ്റെ എണ്ണത്തിലെ വ്യത്യാസമനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാകും. ചതുരശ്രയടിയിൽ എത്ര നോട്ട് ഉണ്ടെന്നതനുസരിച്ചാണ് വിലയിടുന്നത്. വില കൂടിയ റഗ് വാങ്ങുന്നുണ്ടെങ്കിൽ മറിച്ചിട്ട് നോട്ടുകൾ എണ്ണി ബോധ്യപ്പെടണം. ചതുരശ്രയടിയിൽ 500 നോട്ടിനു മുകളിൽ ഉണ്ടെങ്കിൽ വില കൂടുതലായിരിക്കും. 4x6 അടിയുടെ സാധാരണ റഗ് 5,000-10,000 രൂപയ്ക്ക് ലഭിക്കുമ്പോൾ നോട്ട് കൂടിയതിന് 25,000 ത്തിനു മീതെയായിരിക്കും വില.

മിക്സ് ആൻഡ് മാച്ച് ചെയ്യാം

     ഒന്നിൽ കൂടുതൽ റഗ്ഗുകൾ മിക്സ് ആൻഡ് മാച്ച് ആക്കിയിടുന്നത് പുതിയ ട്രെൻഡ് ആണ്. ഒരു റഗ്ഗിൻ്റെ മീതെ മറ്റൊന്ന് ഇടാം. ഭംഗിക്കു വേണ്ടിയും റഗ്ഗിൻ്റെ കേടുപാടുകൾ മറയ്ക്കാനുമെല്ലാം ഇത്തരത്തിൽ ലെയർ ചെയ്യാം. ലെയറിങ് തീർച്ചയായും ലക്ഷ്വറിയാണ്. പക്ഷേ ഭംഗിയുമാണ്.