
ലൈറ്റിങ് ശാസ്ത്രമാണ്; കലയും
മിക്ക വീടുകളിലും പലപ്പോഴും അർഹിക്കുന്ന പ്രാധാന്യം കിട്ടാത്ത ഘടകമാണ് ലൈറ്റിങ്. ഭംഗിയിലും ഉപയോഗത്തിലും മാത്രമല്ല, നമ്മുടെ വികാരവിചാരങ്ങളിലും ആരോഗ്യത്തിലും വരെ മാറ്റം വരുത്താൻ ലൈറ്റിങ്ങിനു സാധിക്കും. ഇൻ്റീരിയർ മുഴുവനായി മാറ്റുന്നതിനു പകരം ലൈറ്റിങ്ങിൽ വരുത്തുന്ന ചില വ്യത്യാസങ്ങൾ കൊണ്ട് പലപ്പോഴും വീടിനെ കൂടുതൽ സന്തോഷപ്രദവും കാര്യക്ഷമതയുമുള്ളതുമാക്കി മാറ്റാം.
റെട്രോഫിറ്റ്
നിലവിലുള്ള ലൈറ്റ് ഫിക്‌സ്‌ചറുകൾ, വിളക്കുകൾ എന്നിവയെ നവീകരിക്കുന്നതിനാണ് റെട്രോഫിറ്റ് എന്നു പറയുന്നത്. ഇതുവഴി ഊർജ ഉപയോഗം കുറയ്ക്കാൻ സാധിക്കുന്നു. പുതുക്കുന്നതിനുള്ള പണം കാലക്രമേണ ഊർജ ലാഭത്തിലൂടെ നികത്താൻ സാധിക്കുന്നു. അറ്റകുറ്റപ്പണികൾക്കുള്ള പൈസയും കുറയ്ക്കാം. ലൈറ്റിങ് ശാസ്ത്രവും കലയുമാണ്. അതിന് നമ്മുടെ ഊണിനെയും ഉറക്കത്തെയും വരെ സ്വാധീനിക്കാൻ സാധിക്കും. ഭംഗി, സുരക്ഷ, മൂഡ്, ആസ്വാദനം ഇവയെല്ലാം കണക്കിലെടുത്ത് വേണം ലൈറ്റിങ്. ലൈറ്റിങ് ഡിസൈനും ഇലക്ട്രിക് സിസ്റ്റവുമെല്ലാം അറിയുന്ന വിദഗ്ധനെ സമീപിക്കുക.
കെൽവിൻ (K) സ്കെയിലിലാണ് പ്രകാശം അളക്കുന്നത്. പ്രകാശത്തിൻ്റെ ചെറിയ അളവ് മഞ്ഞ കലർന്നതായിരിക്കും. ഉയർന്ന അളവാണെങ്കിൽ വെള്ളയോ നീലയോ ആയിരിക്കും. പ്രകൃതിദത്ത വെളിച്ചം 4000 K ആണ്. ഇതിൽ കുറഞ്ഞത് 'വാം' (മഞ്ഞ-warm) ലൈറ്റും കൂടിയത് 'കൂൾ' ലൈറ്റുമാണ്. ഓഫീസ്, ആശുപത്രി, പൊതുഇടങ്ങൾ, ജോലി സ്‌ഥലങ്ങൾ എന്നിവിടങ്ങളിൽ 'കൂൾ' ലൈറ്റാണ് വേണ്ടത്. ആരാധനാലയങ്ങൾ, വിശ്രമസ്‌ഥലങ്ങൾ എന്നിവിടങ്ങളിൽ 'വാം' ലൈറ്റും. കൂൾ നിറങ്ങൾ ക്ഷമത കൂട്ടുമ്പോൾ 'വാം' നിറങ്ങൾ സൗഖ്യവും ആശ്വാസവുമേകുന്നു. ഒരു മുറിയിൽത്തന്നെ പലതരം ലൈറ്റുകൾ നൽകാൻ ഇന്നു സാധ്യമാണ്. ഒറ്റ സ്വിച്ചിൽ പല ഉപയോഗങ്ങൾക്കായി മുറി മാറ്റിയെടുക്കാം. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ സ്‌റ്റാർ റേറ്റിങ് ഉള്ള ബൾബുകൾ വാങ്ങുക.
ഏറ്റവും നന്നായി വെളിച്ചമേകിയിട്ടുള്ള ഇടങ്ങളെല്ലാം 'ലെയേഡ് ലൈറ്റിങ്' (layered lighting) എന്ന ആശയത്തിലൂന്നിയുള്ളതാകും. ഏതുതരം വെളിച്ചമാണെന്നുള്ളതും വെളിച്ചത്തിൻ്റെ താപനിലയും ഇതിൽ പ്രധാനമാണ്. അത്തരത്തിൽ മൂന്നു തരം ലൈറ്റിങ്ങാണുള്ളത്.
ലൈറ്റിങ് ചെയ്യുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങൾ
- ചെയ്യേണ്ട ഇടവും അതിൻ്റെ അളവും
- അവിടെ താമസിക്കേണ്ടയാളുടെ പ്രായവും ഇഷ്‌ടങ്ങളും
- സീലിങ്ങിൻ്റെ ഉയരവും ആകൃതിയും
- ചുമരുകളുടെ നിറവും ഫർണിച്ചറും
- നിലവിലുള്ള ലൈറ്റും വൈദ്യുത ക്രമീകരണങ്ങളും
- ഫോക്കസ് ചെയ്യേണ്ട ഇടങ്ങൾ, ആർട് വർക്, ഹൈലൈറ്റ് ചെയ്യേണ്ട ഇടങ്ങൾ
- നിഴലുകളും പ്രതിഫലനങ്ങളും
- പകൽവെളിച്ചം
- പ്രതലത്തിലെ ഫിനിഷുകൾ
- നിറം
- സ്വിച്ച്/സെൻസർ, റിമോട്ട്/സെൻസർ എന്നിങ്ങനെ വെളിച്ചത്തെ നിയന്ത്രിക്കാനുള്ള സംവിധാനം
- ആ ഇടത്തിൽ നിർവഹിക്കേണ്ട ജോലി, ചലനപാത
- സാമ്പത്തികവും ഊർജക്ഷമതയും
- വെളിച്ചത്തിൻ്റെ തോത്
- മാനസികവും ശാരീരികവുമായ ഘടകങ്ങൾ
- ഇലക്ട്രിക്കൽ കോഡ്, ഡോക്യുമെൻ്റേഷൻ, പ്രത്യേക നിർദേശങ്ങൾ ഇവയെല്ലാം പൊതുവായ ചില മാർഗനിർദേശങ്ങളാണ്. ഓരോ വീടും വ്യത്യസ്‌തമായതിനാലും പ്രത്യേക കരുതൽ വേണ്ടതിനാലും വിദഗ്‌ധ സഹായം തേടണം.
ജനറൽ/ആംബിയൻ്റ ലൈറ്റിങ്
ഇൻ്റീരിയറിന് വെളിച്ചമേകാൻ ഉപയോഗിക്കുന്ന പൊതുവായ ലൈറ്റിങ് ആണിത്. ഒരു മുറിയിലെ പ്രകൃതിദത്ത വെളിച്ചവും കൃത്രിമ വെളിച്ചവും ചേർന്നതാണിത്.
ടാസ്ക് ലൈറ്റിങ്
ഏതെങ്കിലും ജോലികൾ - പാചകം, തയ്യൽ, എഴുത്ത്, പഠനം, സുരക്ഷ തുടങ്ങിയവയ്ക്ക് നൽകുന്ന ലൈറ്റിങ് വസ്‌തുക്കളെ സൂക്ഷ്മമായി കാണിക്കുകയും സൂരക്ഷിത മാർഗം ഒരുക്കുകയും ചെയ്യുന്നു. ശരിയായി നൽകിയാൽ ചെയ്യുന്ന ജോലിയുടെ ക്ഷമത വർധിപ്പിക്കാം.
ആക്‌സൻ്റ് ലൈറ്റിങ്
ഒരു വസ്‌തുവിൻ്റെ സവിശേഷതകളെ എടുത്തു കാണിച്ച് ഇടത്തിൻ്റെ ഭംഗി വർധിപ്പിക്കുകയാണ് ആക്‌സൻ്റ് ലൈറ്റിങ്ങിൻ്റെ ഉദ്ദേശം മുറിക്ക് പ്രത്യേക മൂഡ് സൃഷ്‌ടിച്ച് നാടകീയത പകരുന്നു.
വെളിച്ചം മൂന്നു തരം
വാം (warm) ലൈറ്റ്
മുറിക്ക് ഊഷ്‌മളതയും സുഖവുമേകുന്നു. കിടപ്പുമുറികൾക്കും ലിവിങ് റൂമിനും മികച്ചത്.
ന്യൂട്രൽ ലൈറ്റ്
വെള്ള വെളിച്ചം. ഊർജവും ശ്രദ്ധയും വേണ്ടയിടങ്ങളിൽ മികച്ചത് അടുക്കള, ബാത്റൂം, ഗരാഷ്, യൂട്ടിലിറ്റി റൂം എന്നിവിടങ്ങളിലേക്ക് മികച്ചത്.
കൂൾ ലൈറ്റ്
പ്രകാശം പരത്തുന്ന നീല/വെള്ള കലർന്ന വെളിച്ചം. ഉച്ചസമയം, വെയിലുള്ള ദിനം എന്നിവയോടു സാമ്യം തോന്നുന്ന തരം വെളിച്ചം. വായന, മറ്റു ഹോബികൾ എന്നിവയ്ക്ക് മികച്ചത്. സൂക്ഷ്‌മാംശങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് തോന്നുന്ന അടുക്കള. ബാത്റൂം എന്നിവിടങ്ങളിലേക്ക് അനുയോജ്യം.
ഇപ്പോൾ ഒരു സ്വിച്ചിൽ തന്നെ ഈ മൂന്നു നിറങ്ങളിലേക്കും മാറാവുന്ന ബൾബുകൾ ലഭ്യമാണ്, റിമോട്ട് ഉപയോഗിച്ചും ഇതു സാധ്യമാണ്. ഇതിൻ്റെ തീവ്രത ഡിമ്മർ ഉപയോഗിച്ചു നിയന്ത്രിക്കാം.
പലതരം ഫിക്സ്‌ചറുകൾ
സർഫസ് ലൈറ്
സീലിങ്ങോ ചുമരോ പോലെ പ്രതലങ്ങളിൽ ഉറപ്പിച്ചിട്ടുള്ള ലൈറ്റ്. കിടപ്പുമുറി, ഹാൾ, പ്രവേശനവഴി എന്നിവിടങ്ങളിൽ ഉപയോഗിക്കാം.
പെഡൻ്റ് ലൈറ്റ്
സീലിങ്ങിൽ നിന്ന് തൂങ്ങിക്കിടക്കുന്ന തരം ലൈറ്റ്. അടുക്കള, ഡൈനിങ്, ബെഡ് സൈഡ് ടേബിൾ എന്നിവിടങ്ങളിൽ നൽകാം. ഉയർന്ന സീലിങ് ഉള്ളയിടങ്ങളിൽ പ്രത്യേകിച്ചും ഇവ കാണാം.
റിസസ്‌ഡ് ലൈറ്റ്
പ്രകാശസ്രോതസ്സ് നേരിട്ട് കാണാത്ത ലൈറ്റിങ്. പൊതുവേ സീലിങ്ങിൽ നൽകുന്നു. ഡൗൺലൈറ്റ് ആയി നൽകാവുന്ന ഇത് ഏതിടത്തിനും അനുയോജ്യമാണ്. ഫോൾസ് സീലിങ്ങിൽ നൽകി വരുന്നു.
ട്രാക്ക് ലൈറ്റ്
ഒരുപാട് ലൈറ്റിങ് സാധ്യതകൾ ഇതിലുണ്ട്. ഈ രീതിയിൽ ഒരു ചാനലിനുള്ളിൽ എവിടെ വേണമെങ്കിലും ലൈറ്റ് കൊടുക്കാം. ഒരു മീറ്ററിൽ നാല് ലൈറ്റ് നൽകാം. ആവശ്യമുള്ള നീളത്തിൽ അളന്നു വാങ്ങാവുന്നതാണ്. ഒന്നിലധികം ബൾബുകളും ഒന്നിലധികം സർക്യൂട്ടും വോൾട്ടേജും ഇതിൽ നൽകാം. പെൻഡ ഡൻ്റ് ലൈറ്റ്, സർഫസ് ലൈറ്റ് എന്നിങ്ങനെ ഏതു വേണമെങ്കിലും നൽകാം. ബൾബിൻ്റെ അകലം ക്രമീകരിക്കാം. ആവശ്യമുള്ളയിടത്തേക്ക് ബൾബ് തിരിക്കാം. ഒരു ട്രാക് ലൈറ്റിൽ പല നിറത്തിൽ, പല വോൾട്ടേജിൽ, പല ദിശയിൽ വെളിച്ചം നൽകാം. അടുത്തിടെയായി മാഗ്‌നറ്റിക് ട്രാക് ലൈറ്റ് വിപണിയിൽ അവതരിച്ചിട്ടുണ്ട്. 'സ്ലീക് ലുക്ക്' ആണെന്നതാണ് ഇതിൻ്റെ ഗുണം.
എൽഇഡി പ്രൊഫൈൽ ലൈറ്റ്
ലീനിയർ ലൈറ്റ് നൽകുന്നതിനും അലങ്കാരത്തിനും വേണ്ടിയാണ് ഇത്. ഏതൊരു ജ്യാമിതീയ ആകൃതിയിലും ഏതു നീളത്തിലും നൽകാം. മീറ്റർ അളവിലാണ് വിൽക്കുന്നത്. മുറിച്ചു വാങ്ങുമ്പോൾ ഓരോന്നിനും പ്രത്യേകം ഡ്രൈവർ വേണം. കോർണർ, റിസസ്ഡ്, സെമിറിസസ്‌ഡ്, സീലിങ്, ഫ്ലോർ, വോൾ എന്നിവയാണ് പലതരം എൽഇഡി പ്രൊഫൈൽ ലൈറ്റുകൾ. പ്രൊഫൈൽ എന്നതുകൊണ്ട് അർഥമാക്കുന്നത് ചുമരിനുള്ളിലേക്കു പോകുന്ന എൽഇഡി സ്ട്രിപ്പിനു പിറകിലെ കേസിങ് ആണ്. വെളിച്ചം വീഴേണ്ടതിൻ്റെ ദിശ നിശ്ചയിക്കുന്നത് ഇതാണ്. വെളിച്ചം ഒരേപോലെ വിതരണം ചെയ്യുന്ന കേസിങ് മുന്നിലും ഉണ്ടാവും. വളഞ്ഞ പ്രതലങ്ങളിലേക്കായി വളയ്ക്കാവുന്ന എൽഇഡി അലുമിനിയം പ്രൊഫൈൽ ലഭ്യമാണ്.
പോർട്ടബിൾ ലൈറ്റ്
എവിടേക്കും എടുത്തു കൊണ്ടുപോകാൻ സാധിക്കുന്ന ലൈറ്റ് ആണ് പോർട്ടബിൾ ലൈറ്റ്. ബാറ്ററിയിൽ പ്രവർത്തിപ്പിക്കാവുന്ന പോർട്ടബിൾ ഫിക്‌സ്‌ചർ കൂടുതൽ ജനപ്രിയമാണ്. മേശ മേലും ബെഡ്സൈഡ് ടേബിളിലുമാണ് പോർട്ടബിൾ ലൈറ്റ് കൂടുതലായി ഉപയോഗിക്കുന്നത്. ടേബിൾ ലാംപ്, ഫ്ലോർ ലാംപ്, പിക്ചർ ലൈറ്റ് തുടങ്ങിയവയാണ് പോർട്ടബിൾ ലൈറ്റിന് ഉദാഹരണങ്ങൾ.
ഓരോ മുറിയിലേക്കുമുള്ള ലൈറ്റിങ്
ഫോയർ
അതിഥികളെ സ്വാഗതം ചെയ്യുന്ന ഈ മുറിയിൽ നിറയെ പ്രകാശം വേണം. ഇവിടെനിന്ന് മറ്റു മുറികളിലേക്ക് പ്രവേശിക്കണം, സുരക്ഷിതത്വം വേണം എന്നിവ മുന്നിൽക്കണ്ട് വെളിച്ചം ഉറപ്പാക്കണം. സീലിങ് ഫിക്സ‌്‌ചേഴ്‌സ് ആണ് ഇതിന് അനുയോജ്യം. നിഴലുകൾ വീഴ്ത്തുന്ന, തലയ്ക്കു മീതേയുള്ള കഠിനമായ സ്പോട്‌ലൈറ്റ് ഒഴിവാക്കുക. ആർട് വർക്കിന് ആക്സൻ്റ് ലൈറ്റ്, ചുമർ ഹൈലൈറ്റ് ചെയ്യാൻ ട്രാക് ലൈറ്റ് എന്നിവ നൽകാം.
ചലന സ്വാതന്ത്യം നഷ്ടപ്പെടാത്ത വിധം പെൻഡൻ്റ് ലൈറ്റ് നൽകാം. എളുപ്പത്തിൽ എത്തിപ്പിടിക്കാൻ പാകത്തിന് സ്വിച്ച് നൽകണം.
സ്റ്റെയർ ഹാൾവേ
സ്‌റ്റെയറിലും ഹാളിലും സുരക്ഷിതത്വം ഉറപ്പാക്കുന്ന നല്ല ലൈറ്റിങ് നൽകണം. പ്രവേശനപാത/ഇടനാഴി (ഹാൾവേ) യിൽ എല്ലാ നാല്-ആറ് അടിയിലും ലൈറ്റിങ് ചെയ്യുന്നത് കാര്യക്ഷമമാണ്. ഫോൾസ് സീലിങ്ങിൽ റിസസ്‌ഡ് ലൈറ്റ് അല്ലെങ്കിൽ പാനൽ ലൈറ്റ് ഉപയോഗിക്കാം. സാദാ സീലിങ് ആണെങ്കിൽ സർഫസ് ലാംപ് ഉപയോഗിക്കാം. ആർട് വർക് ഹൈലൈറ്റ് ചെയ്യാൻ സ്പോട് ലൈറ്റ് നൽകാം.
ലിവിങ് റൂം
എല്ലാവരും കൂടി ഒന്നിച്ച് ഏറ്റവും കൂടുതൽ സമയം ചെലവിടുന്നയിടമാണ് ലിവിങ്/ഫാമിലി ലിവിങ്. അതുകൊണ്ടു തന്നെ ഇവിടത്തെ ലൈറ്റിങ് വളരെ പ്രധാനമാണ്. ടിവി കാണുക, കംപ്യൂട്ടർ നോക്കുക, വായിക്കുക, എല്ലാവരും ഒന്നിച്ചിരിക്കുക തുടങ്ങിയ പ്രവൃത്തികളെല്ലാം നടക്കുന്നത് ഇവിടെയാണല്ലോ. ട്രാക് ലൈറ്റിങ്ങും അഡ്‌ജസ്‌റ്റ് ചെയ്യാവുന്ന റിസസ്‌ഡ് ഡൗൺ ലൈറ്റിങ്ങുമാണ് ഇവിടേക്ക് അനുയോജ്യം. ആർട് വർക്, അലങ്കാരങ്ങൾ എന്നിവ ഹൈലൈറ്റ് ചെയ്യാൻ ഇതു സഹായകമാണ്. ഡിം ചെയ്യാവുന്ന പലതരം ലൈറ്റിങ് ലെയറുകൾ നൽകുക. ഫ്ലോർ ലാംപ്, ടേബിൾ ലാംപ് പോലെ എടുത്തു മാറ്റിക്കൊണ്ടു പോകാൻ സാധിക്കുന്ന തരം (പോർട്ടബിൾ) ലൈറ്റ് നൽകുകയുമാകാം. ടിവിയിൽ 'ഫ്ലെയർ' അടിക്കാത്ത വിധം ലൈറ്റിങ് ചെയ്യുക. ടിവി യൂണിറ്റിന് ഡിമ്മറും താഴ്ന്ന ലെലവിലുള്ള ലൈറ്റും ഉപയോഗിക്കുക. ഡൗൺ ലൈറ്റ്, ആക്സൻ്റ്, പോർട്ടബിൾ സെറ്റ് എന്നിവയോടൊപ്പം കുറച്ച് ആംബിയൻ്റ് ലൈറ്റിങ്ങും കൂടി ആയാൽ ലിവിങ് റൂം ജോറായി.
അടുക്കള
അടുക്കള ഇപ്പോൾ പാചകത്തിനു മാത്രമല്ലല്ലോ. എല്ലാവരും ഒത്തുകൂടുന്ന സ്‌ഥലമാണ് അടുക്കള. പാചകം, ഭക്ഷണം കഴിക്കൽ. വൃത്തിയാക്കൽ തുടങ്ങി പല ജോലികളാണ് ഇവിടെ നടക്കുന്നത്. ആംബിയൻ്റ് ലൈറ്റിൻ്റെ ധാരാളിത്തമാണ് ഇവിടെ വേണ്ടത്. അതിനെ പിന്തുണയ്ക്കാൻ ടാസ്ക് ലൈറ്റിങ്ങും വേണം.
അണ്ടർകാബിനറ്റ് ലൈറ്റ് നൽകുന്നത് കാഴ്ചയ്ക്കുള്ള ഭംഗി കൂട്ടാനും പാചക സംബന്ധമായ ജോലി നടക്കുന്നയിടത്തേക്ക് ആവശ്യത്തിനു വെളിച്ചം കിട്ടാനുമാണ്. നിഴലും ഫ്ലെയറും ഇല്ലാതിരിക്കാൻ റിസസ്‌ഡ് ലൈറ്റും കൊടുക്കണം. ഓവർഹെഡ് കാബിനറ്റിനു താഴെയായി കൗണ്ടർടോപ്പിലേക്കു നൽകുന്നതാണ് അണ്ടർകാബിനറ്റ് ലൈറ്റ്. സ്പോട്, എൽഇഡി എന്നിങ്ങനെ ഏതു ലൈറ്റും ഇത്തരത്തിൽ നൽകാം. അണ്ടർ കാബിനറ്റ് ലൈറ്റിൻ്റെ സ്രോതസ്സ് മറച്ചു വേണം പിടിപ്പിക്കാൻ. അല്ലെങ്കിൽ കൗണ്ടർടോപ്പിൻ്റെ മിനുസമായ പ്രതലത്തിൽ തട്ടി ‘ഗ്ലെയർ’ അടിക്കും. അണ്ടർ കാബിനറ്റ് ലൈറ്റിനു പകരം സീലിങ്ങിൽ നിന്നും ലൈറ്റ് നൽകാവുന്നതാണ്. കൗണ്ടർടോപ്പിൻ്റെ വീതി പൊതുവേ 60 സെമീ ആണ്. സീലിങ്ങിൽ ലൈറ്റ് നൽകുമ്പോൾ ഈ വീതിക്കുള്ളിൽ നൽകാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ജോലി ചെയ്യുന്നയാളുടെ നിഴൽ കൗണ്ടർടോപ്പിൽ വീഴാൻ സാധ്യതയുണ്ട്. ചുമരിൽ നിന്ന് 45 സെമീ അകലത്തിൽ നൽകുന്നതാകും ഉചിതം.
ഐലൻഡ് കിച്ചനോ ബ്രേക്‌ഫാസ്‌റ്റ് കൗണ്ടറോ ഉണ്ടെങ്കിൽ പെൻഡൻ്റ് ലൈറ്റോ ഡിമ്മർ ഉള്ള ഷാൻഡ്‌ലിയറോ നൽകാം. ഡിമ്മർ ഉള്ളപ്പോൾ ആവശ്യാനുസരണം പ്രകാശത്തിൻ്റെ തീവ്രത കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.
അടുക്കളയിൽ പ്രകാശം ഒരുപാട് ആവശ്യമുള്ളതുകൊണ്ട് ഊർജക്ഷമതയുള്ള എൽഇഡി ലൈറ്റ് ഉപയോഗിക്കാം.
ബാത്റൂം
ഉപയോഗം, സുരക്ഷ, ഭംഗി എന്നിവയാണ് ബാത്റൂമിൻ്റെ പ്രഥമ ലക്ഷ്യം. എല്ലായിടത്തും ഒരുപോലെ ലഭിക്കുന്ന നിഴലില്ലാത്ത വെളിച്ചമാണ് ബാത്റൂമിൽ ആവശ്യം. ചെറിയ ബാത്റൂമിൽ അകത്തേക്ക് കയറിയിരിക്കുന്ന റിസസ്‌ഡ് ലൈറ്റ് മികച്ചതാണ്. കാരണം സ്‌ഥലം ലാഭിക്കുന്നതിനൊപ്പം വൃത്തിയുള്ള 'ഗ്ലെയർ' (glare) ഇല്ലാത്ത ലുക്കും കിട്ടും. കണ്ണാടിക്കും വാഷ് ബേസിനും മുകളിൽ സീലിങ്ങിൽ നിന്ന് പെൻഡൻ്റ് ലൈറ്റ് നൽകാം. ചുമരിൽ സ്കോൺസ് (ഭിത്തിയിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന വിളക്ക്) നൽകാം. തറയിൽ നിന്ന് 150 സെമീ ഉയരം വേണം. രണ്ടു വശത്തും നൽകുകയാണെങ്കിൽ ഏഴ്-10 സെമീ ഉയരം വേണം. കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ ന്യൂട്രൽ/കൂൾ ലൈറ്റ് ആണ് കണ്ണാടിയിൽ നിന്നും മുഖത്തേക്കു വീഴുകയെന്ന് ഉറപ്പാക്കുക. എൽഇഡി മിറർ ആണ് ഇതിനു നല്ലത്.
ഊണുമുറി
ഊണുമുറിയിൽ ഏറ്റവും ഭംഗിയുള്ള ലൈറ്റ് ഫിക്‌സ്‌ചറുകൾ നൽകണം. മുറിയിലെ ശ്രദ്ധാകേന്ദ്രം ഈ ലൈറ്റാണ്. ഷാൻഡ്‌ലിയർ, പെൻഡൻ്റ് ലൈറ്റ് എന്നിവയാണ് പൊതുവേ കണ്ടുവരാറുള്ളതെങ്കിലും ട്രാക് ലൈറ്റിങ്, സ്ട്രിങ് പെൻഡൻ്റ് എന്നീ സാധ്യതകൾ പരീക്ഷിക്കാവുന്നതാണ്. റിസസ്‌ഡ് ലൈറ്റും വോൾ ലൈറ്റിങ്ങും അലങ്കാരങ്ങളയും കരകൗശലവസ്‌തുക്കളെയും ഹൈലൈറ്റ് ചെയ്യാൻ സഹായിക്കും. ഭംഗിയുള്ള ക്രോക്കറിയുണ്ടെങ്കിൽ ഹൈലൈറ്റ് ചെയ്യാനായി അവ സൂക്ഷിച്ചിരിക്കുന്ന കാബിനറ്റിനുള്ളിൽ ലൈറ്റ് ചെയ്യാം. ചുമരിൽ സ്കോൺസ് നൽകുന്നതും ഭംഗിയാണ്. പ്രത്യേകിച്ചും ഭംഗിയുള്ള കാബിനറ്റിൻ്റെയോ സൈഡ് ബോർഡിൻ്റെയോ ഇരുവശത്തും നൽകുന്നത്.
ട്രാക്ക് ഉപയോഗിച്ചോ എൽഇഡി പ്രൊഫൈൽ ഉപയോഗിച്ചോ ആംബിയൻ്റ് ലൈറ്റ് ചെയ്യാം. ഇരിക്കുന്ന ആളുകളിലേക്ക് നേരിട്ട് അടിക്കുന്ന ലൈറ്റ് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഷാൻഡ്‌ലിയർ, പെൻഡൻ്റ്, ഡൗൺലൈറ്റ്, സ്കോൺസ് എന്നിവ പല ലെവലുകളായി നൽകാം.
ടിപ്‌സ്:
-
സിറ്റിങ് ഏരിയയിലേക്ക് soft shaded fixture ഉപയോഗിക്കുക
-
മേശ, മേക്കപ്പ്/ഡ്രസ്സിങ് എന്നിവിടങ്ങളിൽ നേരിട്ടുള്ള വെളിച്ചം നൽകുക
-
കിടക്കയ്ക്കു നേരെ മുകളിൽ ലൈറ്റ് നൽകരുത്
-
കുറഞ്ഞ വാട്ടി (watt) ലുള്ള ബൾബ് ഉപയോഗിക്കുക
-
മൂഡ് മാറ്റാൻ നിറമുള്ള ബൾബ് നൽകാം
-
ചൂടുള്ള ബൾബിനടുത്തായി ഫാബ്രിക് വരുന്നില്ല എന്നുറപ്പാക്കുക
-
ഹെഡ്ബോർഡിനടുത്ത് വായിക്കാനായി അഡ്‌ജസ്‌റ്റ് ചെയ്യാവുന്ന സ്‌റ്റെം ലൈറ്റ് നൽകുക.
-
ഡൗൺലൈറ്റും പെൻഡൻ്റും ഉപയോഗിച്ച് ആംബിയൻ്റ് ലൈറ്റ് സൃഷ്‌ടിക്കുക
-
ആവശ്യാനുസരണം അപ് ലൈറ്റും ഡൗൺലൈറ്റും ആക്കാവുന്ന, തിരിക്കാവുന്ന ലൈറ്റ് എടുക്കുക.
-
എൽഇഡി സിഎഫ്എൽ പോലെയുള്ള ഊർജക്ഷമതയുള്ള ലൈറ്റ് എടുക്കാം
-
മുറിയിലെ പൊതുവായ വെളിച്ചം ഓൺ ആക്കുന്നതിനു പകരം വാഡ്രോബിനുള്ളിൽ ലൈറ്റ് നൽകാം
-
ബാത്റൂം, വാഡ്രോബ് എന്നിവിടങ്ങളിലേക്കു നയിക്കാൻ ഫൂട് ലൈറ്റ്, നൈറ്റ് ലൈറ്റ് എന്നിവ നൽകാം
വർക് സ്പേസ്
ആളുകൾ കൂടുതലായും വർക് ഫ്രം ഹോം എന്ന ആശയത്തിലേക്കു മാറിയ കാലമാണ്. വീട്ടിൽത്തന്നെ ഓഫീസ് സ്പേസ് എന്നതിനു പ്രാധാന്യമേറുകയാണ്. ഇവിടെ ആംബിയൻ്റ് ലൈറ്റ് ആവശ്യമായി വരില്ല. ആക്‌സൻ്റ്, ടാസ്‌ക് ലൈറ്റിങ്ങിന് ഇവിടെ ആവശ്യത്തിന് വെളിച്ചം നൽകാൻ സാധിക്കും. ഗ്ലെയർ ഒഴിവാക്കുക; പ്രത്യേകിച്ച് കംപ്യൂട്ടർ സ്ക്രീനിൽ. അതിനായി ഡയറക്ട‌്, ഇൻഡയറക്‌ട് ലൈറ്റിങ് ചെയ്യുക. ഊർജക്ഷമതയുള്ള ലൈറ്റ് ഉപയോഗിക്കുക. 3,000-5,000 K വരുന്ന കൂൾ ലൈറ്റാണ് അനുയോജ്യം. ഓർക്കുക; പ്രകൃതിദത്ത വെളിച്ചം ക്ഷമത കൂട്ടും. ജനാലകൾ വഴി വെളിച്ചം ലഭിക്കും വിധം ഡിസൈൻ ചെയ്‌താൽ ആരോഗ്യവും സന്തോഷവും ക്ഷമതയുമെല്ലാം കൂടും. ഇളംനിറങ്ങളാണ് ചുമരിലെങ്കിൽ വെളിച്ച സ്രോതസ്സുകളുടെ എണ്ണം കുറയ്ക്കാം. മേശയ്ക്കരികിലായി എളുപ്പം എത്താവുന്നിടത്ത് സ്വിച്ച് നൽകുക.
കിടപ്പുമുറികൾ
വളരെ ശ്രദ്ധിച്ചു വേണം കിടപ്പുമുറിയിൽ ലൈറ്റിങ് ചെയ്യാൻ. മുറിയുടെ വലുപ്പം കണക്കിലെടുത്തു വേണം ലൈറ്റിങ്. ആംബിയൻ്റ് ലൈറ്റിങ്ങിനൊപ്പം വായിക്കാനും മറ്റുമായി ടാസ്‌ക് ലൈറ്റിങ്ങും നൽകാം. ഹെഡ്ബോർഡിനു മുകളിൽ ഡിമ്മറുള്ള റിസസ്ഡ് ലൈറ്റ് നൽകാം. കിടക്കയ്ക്കു നേരെ മുകളിൽ ലൈറ്റ് നൽകുന്നത് ഒഴിവാക്കുക. ചെറുതും ഇളം നിറത്തിലുള്ളതുമായ കിടപ്പുമുറികൾക്ക് ഒരുപാട് ആംബിയയൻ്റ് ലൈറ്റിൻ്റെ ആവശ്യമുണ്ടാവില്ല. നിറയെ കണ്ണാടികളുണ്ടെങ്കിൽ മറ്റ് പ്രകാശസ്രോതസ്സിൽ നിന്നുള്ള വെളിച്ചം പ്രതിഫലിക്കുന്നുണ്ടാവും. കടുംനിറത്തിലുള്ള കിടപ്പുമുറിയാണെങ്കിൽ കുറച്ച് ആംബിയൻ്റ് ലൈറ്റിങ് ഉൾപ്പെടുത്തേണ്ടിവരും. ആർട് വർക്കിനെ ഹൈലൈറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ ആക്‌സൻ്റ് ലൈറ്റിങ് പരിഗണിക്കാം. അതായത് സ്പോട് ലൈറ്റ്, പിക്‌ചർ ലൈറ്റ്, സ്കോൺസ് എന്നിവ പ്രയോജനപ്പെടും.
ഡിമ്മറും നിറം മാറ്റുന്ന ലൈറ്റും കിടപ്പുമുറിയുടെ ലുക്ക് മാറ്റും. മുറിയിലെ പലതരം പ്രകാശത്തിൻ്റെയും തീവ്രത നിയന്ത്രിക്കാൻ ഇതുവഴി സാധിക്കും. മൂഡ് അനുസരിച്ച് വെളിച്ചം മാറ്റാനും പറ്റും.
പൊതുവായ ടിപ്സ്
- വൈദ്യുതി ലാഭിക്കുന്നതിനാലും കൂടുതൽ ലൈറ്റിങ് സാധ്യതകൾ നൽകുന്നതിനാലും ഡിമ്മർ ലൈറ്റുകൾ കൂടുതൽ നൽകാം.
- നിറമുള്ള ബൾബുകൾ അധികമായി നൽകുന്നത് ഒഴിവാക്കാം. ഡൈനിങ്, ലിവിങ്, എന്നിവിടങ്ങളിൽ ഊഷ്മളമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് ചുവപ്പും കിടപ്പുമുറി പോലെയുള്ള ശാന്തമായ ഇടങ്ങളിൽ നീലയും കൂൾ നിറങ്ങളും നൽകാം.
- വീട്ടിൽ ലഭിക്കുന്ന പ്രകൃതിദത്ത വെളിച്ചം ആശ്രയിച്ചാണ് കൃത്രിമമായി നൽകേണ്ട ലൈറ്റിങ് ലെവൽ തീരുമാനിക്കേണ്ടത്. ലഭ്യമായിടത്തെല്ലാം പ്രകൃതിദത്ത വെളിച്ചം ആവോളം നൽകുക; മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അതാണു നല്ലത്.
- ശാന്തതയും ആശ്വാസവുമേകാൻ ലോലൈറ്റ് ആണു നല്ലത്. പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ അത്തരം ഇടങ്ങളിൽ ബ്രൈറ്റ് ലൈറ്റ് നൽകാം.
- ഇൻകാൻഡസൻ്റ് ലൈറ്റിനു പകരം എൽഇഡിയും സിഎഫ്എല്ലും നൽകുന്നത് പണം ലാഭിക്കും.
- വിദഗ്ധനെ സമീപിച്ച് ഓരോ ഫിക്‌സ്‌ചറിനും വേണ്ട വാട്ട് ആണ് ഉപയോഗിക്കുന്നതെന്നും അതാത് ഇടത്തിന് യോജിക്കുന്ന ലൈറ്റിങ് കോംബിനേഷനാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പാക്കുക.